History
സാന്ത്വനം സേവാകേന്ദ്രം
കല്ലടയാറ് തഴുകി തലോടി കടന്നുപോകുന്ന ശാന്ത സുന്ദരമായ ഐവർകാലഗ്രാമത്തിന്റെ നെറുകയിലാണ് സാന്ത്വനം സേവാകേന്ദ്രം.കൊല്ലം ജില്ലയിൽ കുന്നത്തൂർ വില്ലേജിൽ പുത്തൂർ ഞാങ്കടവ് കടമ്പനാട് റോഡിൻറെ ഓരത്തായാണ് സാന്ത്വനം സേവാകേന്ദ്രം സ്ഥിതി ചെയ്യുന്നത്.മനോരോഗികളായ പുരുഷൻമാരുടെയും വൃദ്ധജനങ്ങളുടെയും ആശ്രയസ്ഥാനമാണ് സാന്ത്വനം.ഐവർകാലയെന്ന ഗ്രാമപ്പേരിന്റെ ഉൽപ്പത്തി വനവാസക്കാലത്ത് പഞ്ചപാണ്ഡവന്മാർ ഒളിവിൽ പാർത്തിരുന്ന സ്ഥലം എന്നതിലാണ്. ഐവർകാലയെ തഴുകിയൊഴുകുന്ന കല്ലടയാറിൽ വേലൻമൂഴി ഭാഗത്തു കണ്ടുവരുന്ന തെരളിക്കല്ലുകൾ ഈ ഐതീഹ്യത്തിന് ബലം പകരുന്നവയാണ്.ദ്രൗപതി വയനയിലയിൽ ഉണ്ടാക്കിയ തെരളിയപ്പം കല്ലായ് മാറിയതാണെന്നാണ് വിശ്വാസം.ഭൂമിയെ രത്നഗർഭയെന്നു വിളിക്കുമ്പോൾ ഐവർകാലയുടെ പല പ്രദേശങ്ങളിലും രത്നകല്ലുകൾ തെളിഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചാൽ കാണുവാൻ കഴിയും.
ഐവർകാല ഉൾപ്പെടുന്ന കുന്നത്തൂർ വില്ലേജിന്റെ ഹൃദയഭാഗമായ കുന്നത്തൂരിലാണ് മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്ഭാസിയുടെ പിതാവും മലയാള സാഹിത്യ തറവാട്ടിലെ ഹാസ്യകുലപതിയുമായിരുന്ന ഈ.വി.എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ.വി.കൃഷ്‌ണപിള്ളയുടെ ജന്മദേശം.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ സ്ഥാപകനുമായ എം.എ.സാർ എന്ന് പരക്കെ അറിയപ്പെടുന്ന എം.എ.കൃഷ്ണന്റെ ജന്മദേശവും ഐവർകാലയാണ് .ശാസ്താംകോട്ട ശുദ്ധജലത്തടാകം ഇതിനടുത്തുതന്നെയാണ്.ഐവർകാല നടുവിൽ തെക്കടുത്തു ശ്രീധരൻനായരുടെ സഹോദരിമാരായ ശ്രീമതി ഭവാനി അമ്മയും ശ്രീമതി ഗൗരി അമ്മയും ഇഷ്ടദാനമായി നൽകിയ 34 സെന്റ് സ്ഥലത്തു സ്വയംസേവകനായ ആർ .ബാഹുലേയന്റെ നേതൃത്വത്തിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ നിർമ്മിച്ച ഷീറ്റു മേഞ്ഞ താൽക്കാലിക കെട്ടിടത്തിൽ 2006 ജൂൺ മാസം പ്രവർത്തനം ആരംഭിച്ചതാണ് സാന്ത്വനം സേവാകേന്ദ്രം.തെക്കടത്തു ശ്രീധരൻപിള്ളയായിരുന്നു ആദ്യത്തെ അന്തേവാസി.
പന്മന ആശ്രമം മാടാധിപതി പൂജ്യ ശ്രീ പ്രണവാനന്ദതീർത്ഥപാദർ 3 -1 -2012 ൽ തറക്കല്ലിട്ടതും രണ്ടു നിലയിലായി 3500 ചതുരശ്ര അടി തറ വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിലാണ് 6 -12 -2015 മുതൽ സാന്ത്വനം സേവാകേന്ദ്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.വികസനത്തിന്റെ അടുത്ത ഘട്ടമായി ഓഫീസിൽ ,അന്നദാനമണ്ഡപം തുടങ്ങിയവ ഉൾപ്പെടുന്ന മൂന്നുനില കെട്ടിടത്തിന് തറക്കല്ലിട്ടത് 2017 ഫെബ്രുവരിയിൽ സാന്ത്വനത്തിന്റെ അന്നത്തെ പ്രസിഡന്റ് ശ്രീ കാർത്തികേയൻ പിള്ളയാണ് .പുതിയ പദ്ധതികൾ തുടങ്ങുന്നതിന്റെ ഭാഗമായി കേന്ദ്രത്തോട് ചേർന്നുള്ള 12 സെന്റ് നെൽവയലും 35 സെന്റ് കരഭൂമിയും വാങ്ങി .വികസനത്തിന്റെ അടുത്ത പടിയെന്ന നിലയിൽ സ്ത്രീകൾക്കായുള്ള ഇത്തരം ഒരു കേന്ദ്രവും ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള കേന്ദ്രവും അന്തേവാസികളുടെ ബുദ്ധിപരമായ വികാസത്തിനും മാനസികോല്ലാസത്തിനും ഉതകുന്ന ചെറുകിട നിർമാണയൂണിറ്റുകളൂം തുടങ്ങാൻ പദ്ധതിയിട്ടു .
ചാരിറ്റബിൾ ട്രസ്സ്റ്റായി 2006 ജൂണിൽ രജിസ്റ്റർ ചെയ്ത സാന്ത്വനം സേവാകേന്ദ്രം ആലുവയിലെ ഡോ.ഹെഡ്‍ഗേവാർ സേവാസമിതിയുടെയും ന്യൂഡൽഹിയിലെ രാഷ്ട്രീയ സേവാഭാരതിയുമായും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അറുപതിലേറെ അന്തേവാസികളുള്ള ഈ സേവാകേന്ദ്രം നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി വരുന്നു.നിർദ്ധനരായ രോഗികൾക്ക് വൈദ്യസഹായം നൽകുക , നിർദ്ധനരായ വികലാംഗർക്ക് വീൽചെയറുകളും മറ്റും നൽകുക ,നിർദ്ധനരായ യുവതികൾക്ക് വിവാഹധനസഹായം നൽകുക, പാവപ്പെട്ട കർഷകർക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുക ,ഓണത്തിന് നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്യുക എന്നിവ സാന്ത്വനം സേവാകേന്ദ്രത്തിന്റെ വിവിധങ്ങളായ സേവാപ്രവർത്തങ്ങളിൽ ചിലവയാണ്. ശ്രീ തുരുത്തിക്കര രാമകൃഷ്ണപിള്ള രക്ഷാധികാരിയും ശ്രീ ആർ.എസ് .അനിൽകുമാർ പ്രസിഡന്റും, ശ്രീ ആർ .സുരേഷ് കുമാർ വൈസ് പ്രസിഡന്റും ,ശ്രീ.സീ.ആർ അരവിന്ദാക്ഷൻ സെക്രട്ടറിയും ,ശ്രീ ഗണേശൻ ട്രഷററും,ശ്രീ എസ് .വി സുജീവ് ,ശ്രീ വി.ബിജു ,ശ്രീ ബാബുക്കുട്ടൻപിള്ള ,ശ്രീ എം ജയകൃഷ്ണൻ എന്നിവർ കമ്മിറ്റി അംഗങ്ങളുമായ ഭരണസമിതിയാണ് നിലവിൽ സാന്ത്വനം സേവാകേന്ദ്രം പ്രവർത്തനങ്ങളുടെ ചുക്കാൻപിടിക്കുന്നത് .സമൂഹത്തിലെ സുമനസ്സുകളായ വ്യക്തികളുടെ സംഭാവനയും സാന്ത്വനം പ്രവർത്തകരുടെ ആത്മാർത്ഥതയുമാണ് സേവാകേന്ദ്രം പ്രവർത്തനങ്ങളുടെ മുതൽക്കൂട്ട് .നാളിതുവരെ തങ്ങളുടെതന്നെ കാര്യമായി കണ്ട് സ്വാന്തനത്തെ സഹായിച്ച നല്ലവരായ നാട്ടുകാർ നാളെയും ഒപ്പമുണ്ടാകുമെന്ന് സാന്ത്വനം പ്രവർത്തകർ വിശ്വസിക്കുന്നു.